കുടിവെള്ള ക്ഷാമം രൂക്ഷം; തോട് നവീകരിച്ച് ജലസംരക്ഷണ മുന്നൊരുക്കം

This browser does not support the video element.

കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി മാലിന്യവും എക്കലും നിറഞ്ഞ തോട് പ്രദേശവാസികൾ ചേർന്ന് ആഴം കൂട്ടി ശുചീകരിച്ചു. ചങ്ങനാശേരിയ്ക്ക് സമീപം കുറിച്ചി പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലൂടെ കടന്നു പോകുന്ന കുറിഞ്ഞിക്കാട് - കൊച്ചുപറമ്പ് തോടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നവീകരിച്ചത്. ഏഴര പതിറ്റാണ്ടു മുൻപ് കാർഷികാവശ്യങ്ങൾക്ക് ജലസേചന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് അപ്പർകുട്ടനാടുമായി ബന്ധപ്പെടുത്തിക്കൊണ്ട് പാടശേഖരങ്ങളുടെ വശങ്ങളിലൂടെ ഈ തോട് നിർമ്മിച്ചത്.എന്നാൽ കാലം കടന്നു പോകവേ കൃഷിരീതികൾ മാറുകയും വെള്ളമെത്തിക്കാൻ മറ്റു മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ കിലോമീറ്ററുകൾ നീളുന്ന തോട് അവഗണിക്കപ്പെട്ടു. തോടിന്റെ പല ഭാഗങ്ങളിലും എക്കലും മാലിന്യവും നിറഞ്ഞു നീരൊഴുക്കും നിലച്ചു. വേനൽ കടുത്തതോടെ കുറിച്ചി മണ്ണാങ്കര പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നാട്ടുകാർ കുറിഞ്ഞിക്കാട് - കൊച്ചുപറമ്പ് തോട് നവീകരിക്കാൻ തീരുമാനിച്ചത്. അടുത്ത മഴക്കാലത്ത് നീരൊഴുക്ക് സുഗമമാകുന്ന തരത്തിൽ ആഴംകൂട്ടിയാണ് തോട് നവീകരണം. ഇതിനായി പഞ്ചായത്തിൽ നിന്നും പരമാവധി അനുവദിക്കാൻ കഴിയുന്ന തുക പതിനായിരം രൂപ മാത്രമാണെന്നിരിക്കെ നവീകരണത്തിനായി ചെലവാകുന്ന മുഴുവൻ തുകയും നാട്ടുകാർ സമാഹരിച്ചു നൽകാനാണ് തീരുമാനം. ജെ സി ബി ഉപയോഗിച്ച് തോട്ടിലെ മാലിന്യവും എക്കലും നീക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. ഒരാഴ്ചകൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. സമീപത്തെ തരിശു പാടത്ത് കൃഷി ആരംഭിക്കാനും നാട്ടുകാർക്ക് പദ്ധതിയുണ്ട്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App