കടലില്‍ കണ്ട അജ്ഞാത ബോട്ട് മുനക്കകടവ് കോസ്റ്റല്‍ പൊലീസ് പിടികൂടി; അഞ്ചു പേര്‍ കസ്റ്റഡിയില്‍

This browser does not support the video element.

കടല്‍ മാര്‍ഗ്ഗം തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കെ, കടലില്‍ പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ ബോട്ട് മുനക്കകടവ് കോസ്റ്റല്‍ പൊലീസ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ചു മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. രണ്ടു ബംഗാള്‍ സ്വദേശികളും രണ്ടു കോഴിക്കോട് സ്വദേശികളും ഒരു പൊന്നാനി സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്.          മുനക്കകടവ് കോസ്റ്റല്‍ പൊലീസ് സി.ഐ എ.റബീയത്ത്, എസ്.ഐ എ.ജെ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ സജീവന്‍, സി.പി.ഒ ജയദേവ്, സ്രാങ്ക് വിനോദ്, കോസ്റ്റല്‍ വാര്‍ഡന്‍ ലാല്‍കൃഷ്ണ എന്നിവരുടെ സംഘമാണ് ബോട്ട് അതിസാഹസികമായി പിടികൂടിയത്. ഇന്നലെയാണ് കൂരിക്കുഴി കമ്പനിക്കടവില്‍ സംശയകരമായ നിലയില്‍ ബോട്ട് കണ്ടത്.          കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്, സി.ഐ നസീറിന്റെ നേതൃത്വത്തില്‍ അഴീക്കോട് കോസ്റ്റല്‍ പോലീസ് തിരച്ചിലിനിറങ്ങി. പൊലീസിനെ കണ്ടതോടെ ലൈറ്റ് ഓഫ് ചെയ്ത് ബോട്ട് ,വടക്കോട്ട് അതിവേഗം ഓടിച്ചു പോകുകയായിരുന്നു. ഈ വിവരം ഉടന്‍ തന്നെ മുനക്കകടവ് കോസ്റ്റല്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മുനക്കകടവ് കോസ്റ്റല്‍ പൊലീസ് രാത്രി തന്നെ ബോട്ട് പിടികൂടാനിറങ്ങി.  മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ച മൂന്നോടെ ബോട്ട് കണ്ടെത്തി. ഉടന്‍ തന്നെ വീണ്ടും ബോട്ടിലുണ്ടായിരുന്നവര്‍ ലൈറ്റ് ഓഫ് ചെയ്തു. ബോട്ട് നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ബോട്ടിലുള്ളവര്‍ അതിനു തയ്യാറായില്ല.  ഒടുവില്‍ പൊലീസ് തോക്ക് ഉയര്‍ത്തിക്കാണിച്ചതോടെ ബോട്ട് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബോട്ടിലുള്ളവരെ ചോദ്യം ചെയ്തു. ലൈസന്‍സ് അടക്കമുള്ളവ ഇല്ലാതിരുന്നതിനാലാണ് നിര്‍ത്താതെ പോയതെന്നായിരുന്നു ഇവരുടെ മറുപടി.            പിന്നീട് പൊലീസ് സംഘം ബോട്ടില്‍ പരിശോധന നടത്തി ,രാവിലെ ആറോടെ ബോട്ട് കരയിലേക്ക് കൊണ്ടു വന്നു. ബോട്ട് ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്നും ബോട്ട് ഉടമയെ കുറിച്ചും കസ്റ്റഡിയിലുള്ളവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും സി.ഐ എ.റബീയത്ത് പറഞ്ഞു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App