തുഷാറിനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം ഉയർന്നേക്കും

This browser does not support the video element.

എന്‍.ഡി.എ കണ്‍വീനറും, ബി.ഡി.ജെ.എസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ ജയിലിലായത്, കേരളത്തില്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരമായി. സാമ്പത്തികത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ്സ് നേതാവും, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് തുഷാറിന്റെ അറസ്റ്റ് സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് തലവേദനയാകുന്നത്. തുഷാറിനെ എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം ഉയര്‍ന്നേക്കും. സാമ്പത്തികത്തട്ടിപ്പ് കേസ്സില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം, കേരളത്തിലെ ബി.ജെ.പിയ്ക്കും, ദേശീയ ജനാധിപത്യ മുന്നണിയ്ക്കും കനത്ത പ്രഹരമാണ്.  എന്‍.ഡി.എയുടെ കേരളത്തിലെ അമരക്കാരനാണ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയ്ക്ക്, കേരളത്തില്‍ കരുത്ത് പകര്‍ന്ന ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുടെ ചെയര്‍മാനുമാണ് തുഷാര്‍. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, 16 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി യോടൊപ്പം നിന്ന്, കേരളത്തില്‍ എന്‍.ഡി.എ മുന്നണിയെ ഉഷാറാക്കിയതും തുഷാറാണ്. ശബരിമല വിഷയത്തില്‍ ശബരിമല കര്‍മ്മസമിതിയ്ക്ക് പിന്തുണ നല്‍കിയതും ബി.ജെ.പിയ്ക്ക് തുണയായിരുന്നു. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍, വെള്ളാപ്പള്ളി നടേശന്റെ നിലപാടിനും എതിരായിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ  മത്സരിച്ച് കെട്ടിവച്ച പണം പോലും ലഭിക്കാതെ പരാജയപ്പെട്ടു. കേരളത്തില്‍ എന്‍.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കിയതില്‍ തുഷാറും കാര്യമായ പങ്ക് വഹിച്ചിരുന്നു. കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ കേരളത്തിലെ അമരക്കാരനാണ് തുഷാര്‍ വെള്ളാപ്പള്ളി. 19 കോടിയുടെ ചെക്ക് തട്ടിപ്പ് കേസ്സില്‍ തുഷാര്‍ ദുബായ് ജയിലിലാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കേരളത്തിലെ ബി.ജെ.പി നേതൃത്വമാണ്. സാമ്പത്തികത്തട്ടിപ്പ് കേസ്സില്‍ കോണ്‍ഗ്രസ്സ് നേതാവായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത ഘട്ടത്തിലാണ് എന്‍.ഡി.എ നേതാവായ തുഷാറും ജയിലിലാകുന്നത്. തുഷാറിന് ജാമ്യം കിട്ടിയെങ്കിലും, ബി.ജെ.പിയ്ക്കുള്ളില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിട്ടുണ്ട്.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App