കുടിയിടപ്പ് ഭൂമി പൊതുവഴിക്ക് വിട്ടുനല്‍കിയ ശാന്തരാജനെ മുന്‍ഗവര്‍ണര്‍ ആദരിച്ചു

മൂന്ന് സെന്റ് കുടിയിടപ്പ് ഭൂമി പൊതുവഴിക്ക് വിട്ടുനല്‍കിയ ശാന്തരാജനെ മിസോറാം മുന്‍ഗര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍ വീട്ടിലെത്തി ആദരിച്ചു. തലവടിയിലെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുമ്മനം രാജശേഖരന്‍. മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗവര്‍ണര്‍ ശാന്തരാജനെ നേരില്‍ കണ്ട് അനുമോദനം അര്‍പ്പിക്കാന്‍ എത്തുകയായിരുന്നു. വീട്ടിലെത്തിയ രാജശേഖരനെ കുട്ടികള്‍ നാടന്‍പാട്ട് പാടി സ്വീകരിച്ചു. ഒരുതുണ്ട് ഭൂമിക്കായി കുടിപ്പക നടക്കുന്ന സമൂഹത്തില്‍ കുടിയിടപ്പ് ലഭിച്ച മൂന്ന് സെന്റ് സ്ഥലത്തില്‍ പാതി സ്ഥലം വഴിക്ക് വിട്ടുനല്‍കാന്‍ കാട്ടിയ സന്മനസിനെ കുമ്മനം രാജശേഖരന്‍ പ്രകീര്‍ത്തിച്ചു. കേരളീയ ഫലവൃക്ഷമായ ചക്കയുടെ വിവിധ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണം കഴിച്ചാണ് മുന്‍ഗവര്‍ണര്‍ മടങ്ങിയത്.       തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അംബേദ്കര്‍ ഭവനില്‍ ശാന്തരാജനാണ് സമൂഹത്തിന് മാതൃകയായി സ്ഥലം വിട്ടുനല്‍കിയത്. മടത്തിലാഴത്ത് പടിമുതല്‍ കൊത്തപ്പള്ളി പടിവരെ നടപ്പാത മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ദുരിതം അനുഭവിക്കുന്നവുരും, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളും നൂറ്റാണ്ടുകളായി നടപ്പാതയാണ് ആശ്രയിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ കസേരയില്‍ ഇരുത്തി തോളിലേറ്റിവേണം പ്രധാന പാതയില്‍ എത്താന്‍. ശാന്തരാജന്റെ കുടിയിടപ്പ് സ്ഥലം വഴിക്കായി ചോദിക്കാന്‍ നാട്ടുകാര്‍ മടിച്ചെങ്കിലും പൊതുവഴിക്ക് സ്ഥലം നല്‍കാന്‍ വീട്ടമ്മ മുന്നിട്ടിറങ്ങുകയായിരുന്നു. വഴിക്കുവേണ്ടി ഫലഭൂയിഷ്ഠമായ തെങ്ങുകളും മറ്റ് മരങ്ങളും വെട്ടിമാറ്റിയാണ് സ്ഥലം നല്‍കിയത്. ഇവര്‍ സമൂഹത്തിന് മാതൃകയായതോടെ മറ്റ് ഉടമകളും സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നു. വിധവയായ മകള്‍ ഉള്‍പ്പെടെ രണ്ട് പെണ്‍മക്കളും കൊച്ചുമക്കളും അടങ്ങിയ കുടുംബത്തിലെ ഗൃഹനാഥയാണ് ശാന്തരാജന്‍. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെ പാതി വഴിയില്‍ നില്‍ക്കുമ്പോഴും പാതി സ്ഥലം പൊതുവഴിക്ക് വിട്ടുനല്‍കിയ വീട്ടമ്മ സമൂഹത്തില്‍ വേറിട്ട മാതൃകയാണ്. തലവടി പഞ്ചായത്തിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.  

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App