ഊരുകൂട്ടങ്ങള്‍ പ്രഹസനമാകുന്നതായി പരാതി

ആദിവാസി മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിളിച്ചു കൂട്ടുന്ന ഊരുകൂട്ടങ്ങള്‍ പ്രഹസനങ്ങളാകുന്നതായി പരാതി.  ഊരുകൂടങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലന്നുമാത്രമല്ല യോഗത്തിന്റെ മിനിറ്റ്‌സ് ബുക്ക് പോലും എങ്ങും സൂക്ഷിക്കുന്നില്ലത്രേ. മിനിറ്റ്‌സ് ബുക്കിന്റെ പകര്‍പ്പ് തേടിച്ചെന്ന വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് അതിശയിപ്പിക്കുന്ന വിവരങ്ങളാണ്. നിലവില്‍ ഊരുകൂട്ടത്തിന്റെ  അധികാരം പഞ്ചായത്തുകളില്‍ നിക്ഷിപ്തമാണെന്നാണ് വിവരം. എന്നാല്‍ ഫയലുകള്‍ സൂക്ഷിക്കേണ്ടത് ഐ.ടി.ഡി.പി.ഓഫീസിനാണന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. പുതിയ പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പട്ടികവര്‍ഗ്ഗ മേഖലകളില്‍ പദ്ധതി നടപ്പാക്കാനുള്ള അധികാര കേന്ദ്രമായി ഊരുകൂട്ടങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഇതുപ്രകാരം വിപുലമായിട്ടുള്ള അധികാരങ്ങളും ഊരുകൂട്ടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.  പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വാര്‍ഡുകളില്‍ ഊരു കൂട്ടങ്ങള്‍ രൂപീകരിക്കേണ്ട ചുമതല പഞ്ചായത്ത് അധികാരികളുടെ സാന്നിദ്ധ്യത്തില്‍  ബന്ധപ്പെട്ട വി.ഇ.ഒ. മാര്‍ക്കാണ്. ഇത്തരത്തില്‍ ചേരുന്ന ഊരുകൂട്ടങ്ങളില്‍ ജനാധിപത്യ രീതിയിലാണ് ഊരുമൂപ്പന്‍മാരെ തെരഞ്ഞെടുക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള ഊരുകൂട്ടങ്ങളെ സംബന്ധിച്ച് പഞ്ചായത്തുകള്‍ക്കോ, ഐ.ടി.ഡി.പി.യ്‌ക്കോ യാതൊരു വിവരവുമില്ലെന്ന് ആദിവാസി മഹാസഭ ഭാരവാഹികള്‍ ആരോപിക്കുന്നു. 2014 മുതല്‍ 2018 വരെ നടന്ന ഊരുകൂട്ടങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ്  വിവരങ്ങള്‍ ഇവിടെ ലഭ്യമല്ലെന്ന് മറുപടി കിട്ടിയത്. നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസില്‍ ലഭിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. ഊരുകൂട്ടങ്ങളെ സര്‍ക്കാര്‍ ഉത്തരവില്‍ പറയും പ്രകാരം സംഘടിപ്പിക്കുന്നതിനും, വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനിക വല്‍ക്കരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App