പൊതു വിപണിയിൽ സംയുക്ത പരിശോധന; സ്ഥാപനങ്ങൾക്കും ഓട്ടോയ്ക്കും എതിരെ നടപടി

This browser does not support the video element.

കൊട്ടാരക്കരയിൽ സിവിൽ സപ്ലൈസ്, അളവ് തൂക്ക വകുപ്പ് ഉദ്യോഗസ്ഥർ പൊതു വിപണിയിൽ നടത്തിയ സംയുക്ത റെയ്ഡിൽ 13 വ്യാപാര സ്ഥാപനങ്ങൾക്കും ഒരു ഓട്ടോറിക്ഷക്കുമെതിരെ നടപടി. ഓണക്കാലം പ്രമാണിച്ച് വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർ പരിശോധനകളുടെ ആദ്യഘട്ടത്തിലാണ് ഇത്രയും പേർ കുടുങ്ങിയത്. തൂക്കത്തിൽ വെട്ടിപ്പ് നടത്തിയ റബർ വ്യാപാര സ്ഥാപനത്തിനും, മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷയ്ക്കും, പച്ചക്കറി കടക്കും 2000 രൂപ വീതം പിഴ ചുമത്തി. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത ഹോട്ടലുകൾക്കും ബേക്കറിക്കും പലചരക്ക്, പഴം, പച്ചക്കറി കടകളും ഉൾപ്പെടെ 11 സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന നിയമപ്രകാരം കേസെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്ഫ്, ലീഗൽ മെട്രോളജി ഇൻസ്പക്ടർ എം.എസ്. സന്തോഷ്, ഇൻസ്പക്ടിങ് അസിസ്റ്റന്റ് കെ. ജാക്സൺ, അസി. താലൂക്ക് സപ്ലൈ ഓഫീസർമാരായ എസ്. മധുസൂദനൻ, നജീബ് ഖാൻ, റേഷനിംഗ് ഇൻസ്പക്ടർമാരായ ആർ.ശരത്ചന്ദ്രൻ, എസ്.അജിത് കുമാർ, പി.വി.വിമല, ജെ.കെ.പ്രമോദ് എന്നിവർ പങ്കെടുത്തു. പെട്രോൾ പമ്പ്, ഹോട്ടൽ, ബേക്കറി, പലചരക്ക്, പഴം പച്ചക്കറി കടകൾ എന്നിവ ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും നിർദിഷ്ട വലിപ്പത്തിലുള്ള വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ശുപാർശ ജില്ല കലക്ടർക്ക് നൽകുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App