പുനലൂരിൽ എക്സൈസ് കോംപ്ലക്സ് വരുന്നു; വകുപ്പു മന്ത്രിയും വനം മന്ത്രിയും സ്ഥല പരിശോധന നടത്തി

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പുനലൂരിൽ എക്സൈസ് കോംപ്ലക്സ് നിർമാണത്തിന് വീണ്ടും സാധ്യത തെളിയുന്നു. മാർക്കറ്റ് റോഡിൽ എക്സൈസ് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് കോംപ്ലക്സ് നിർമിക്കുന്നത്. പ്രാരംഭ നടപടിയായി വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. സ്ഥലം എം.എൽ.എ. കൂടിയായ വനം വകുപ്പു മന്ത്രി കെ.രാജുവിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥലപരിശോധന. ഭൂമിയുടെ രേഖകളും കെട്ടിടത്തിന്റെ രൂപരേഖയും മന്ത്രിമാർ പരിശോധിച്ചു വിലയിരുത്തി. മാർക്കറ്റ് ജംഗ്ഷനിൽ ദേശീയപാതയ്ക്ക് സമീപത്തായി എക്സൈസ് റെയ്ഞ്ചാഫീസ് പ്രർത്തിക്കുന്ന 64സെന്റ് ഭൂമിയിലാണ് ബഹുനില മന്ദിരം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി മൂന്നു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നിലവിലെ നൂറ്റാണ്ടു പഴക്കമുള്ള ഓടുമേഞ്ഞ കൽക്കെട്ടു കെട്ടിടം നിലനിർത്തി അനുബന്ധമായി പുതിയതു പണിയാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്. എന്നാൽ പഴയ കെട്ടിടം പൂർണമായും പൊളിച്ചു നീക്കിയ ശേഷം പുതിയ കെട്ടിടം നിർമിക്കണമെന്ന് മന്ത്രി കെ.രാജു വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടു. മാത്രമല്ല നൂറ്റാണ്ടുകളായി പുനലൂരിൽ പ്രവർത്തിക്കുന്ന എക്സൈസ് റെയ്ഞ്ചാഫീസ് പത്തനാപുരത്തേക്ക് മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും മന്ത്രി രാജു എക്സൈസ് മന്ത്രിയോട് ആവശ്യപ്പെട്ടു. പുതിയ എക്സൈസ് കോംപ്ലക്സ് വരുന്നതോടെ തൊളിക്കോട്ട് വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫീസ് അടക്കമുള്ളവ ഇവിടേക്ക് മാറ്റാനാകും. നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, എക്സൈസ് ഉന്നതോദ്യോസ്ഥർ എന്നിവർ മന്ത്രിമാരെ അനുഗമിച്ചു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App