സ്ഥിതി ഭീകരം; വിദഗ്ധ സംഘം കോട്ടക്കുന്നിൽ പരിശോധന നടത്തി

This browser does not support the video element.

കോട്ടക്കുന്ന് വഴി താഴെ ഭാഗത്തേക്ക് ഇറങ്ങുന്ന പടികളും ഇതിന് സമീപമുള്ള സംരക്ഷണ ഭിത്തിയും വിള്ളല്‍ ബാധിച്ചിട്ടുണ്ട്. ഈ സംരക്ഷണ ഭിത്തി പകുതിയിലധികം തകര്‍ന്ന നിലയിലാണ്. ഇതിന് താഴെ ഭാഗമാണ് ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞത്. സംഭവത്തില്‍ ഇതിന് താഴെ ഭാഗത്തായി വാടകക്ക് താമസിച്ചിരുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്. ചാത്തംകുളം സത്യന്റെ ഭാര്യ സരോജിനി(50), മരുമകള്‍: ഗീതു(22) ഒന്നര വയസ് പ്രായമായ പേരക്കുട്ടി ധ്രുവ് എന്നിവരാണ് സംഭവത്തില്‍ മരണപ്പെട്ടത്. തുടര്‍ന്ന് പ്രദേശത്തെ 14 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവരെ തിരിച്ച് സ്ഥലത്ത് താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ജാഫര്‍ മലികിനെ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന ആവശ്യമാണെന്നും അതിന് ശേഷം മാത്രമേ സ്ഥലത്ത് താമസിക്കുന്ന കാര്യം പരിഗണിക്കാന്‍ കഴിയുവെന്നും കലക്ടര്‍ നിലപാട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം ഉച്ചക്ക് രണ്ട് മണിയോടെ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കോട്ടക്കുന്ന് അപകടം നടന്ന പ്രദേശവും സമീപ പ്രദേശങ്ങളും കോട്ടക്കുന്നിന് താഴെ ഭാഗമുള്ള ചെറാട്ടുകുഴിയും സംഘം നേരിട്ടെത്തി വിലയിരുത്തി.   കൂടാതെ ജനങ്ങള്‍ക്ക് പരാതിയുള്ള ഭാഗങ്ങളിലും സംഘം സന്ദര്‍ശിച്ചു. ഇവിടെ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ഈവരുന്ന ശനിയാഴ്ച കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരും. തുടര്‍ന്നായിരിക്കും കോട്ടക്കുന്ന് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊളുക. സംഘത്തില്‍ അസി. ജിയോളജിസ്റ്റ് ടി സുബേഷ്, ഗീതു കെ ബാലന്‍, ഷീന്‍ മാത്യു, എം സുബാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App