ഓമനക്കുട്ടനെ ആശ്വസിപ്പിക്കാൻ മന്ത്രി തോമസ് ഐസക് എത്തി

This browser does not support the video element.

ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ചെന്ന ആരോപണത്തെത്തുടർന്ന് മന്ത്രി ജി.സുധാകരൻ ആക്ഷേപിച്ച ഓമനക്കുട്ടനെ ആശ്വസിപ്പിക്കാൻ മന്ത്രി തോമസ് ഐസക് എത്തി. ചേർത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ട് ദുരിതാശ്വാസ ക്യാമ്പിന്റെ നടത്തിപ്പിന് അന്തേവാസികളിൽ നിന്ന് പണം പിരിച്ചെന്ന ആരോപണമാണ് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കിയത്. സി.പി.എം ലോക്കൽ കമ്മറ്റിയംഗമായ ഓമനക്കുട്ടനെതിരെ ഉയർന്ന ആരോപണം വലിയ വാർത്തയായിരുന്നു. ഇതിന്റെ നിജസ്ഥിതി എന്തെന്ന് അന്വേഷിക്കാൻ ആരും ശ്രമിച്ചില്ല. സംസ്ഥാന തലത്തിൽ വലിയ വാർത്തയായ സംഭവമറിഞ്ഞ് മന്ത്രി ജി.സുധാകരൻ ക്യാമ്പിലെത്തി അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ക്യാമ്പിലുള്ളവരുടെ അഭിപ്രായം പോലും തേടാതെ ചാനല്കളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരോടും, പാർടി പ്രവർത്തകരോടും, ഉദ്യോഗസ്ഥ രോടും, ക്യാമ്പിലെ അന്തേവാസികളോടും മന്ത്രി തട്ടിക്കയറി. അവർക്ക് പറയാനുള്ളത് കേൾക്കാൻ അദ്ദേഹം തയ്യാറായില്ല. മന്ത്രി മടങ്ങി അര മണിക്കൂറിനുള്ളിൽ ഓമനക്കുട്ടനെ പാർടിയിൽ നിന്നും സസ്പെന്റ് ചെയ്തു. പിന്നീട് തഹസിൽദാരുടെ പരാതിയെത്തുടർന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സെടുക്കുകയും ചെയ്തു. ഇത് ക്യാമ്പിലും, പാർട്ടി പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. തുടർന്നാണ് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാൻ പാർട്ടി ശ്രമിച്ചത്. ആകെ 70 രൂപ പിരിച്ചത് ക്യാമ്പിന്റെ നടത്തിപ്പിന് വേണ്ടിയായിരുന്നുവെന്ന് അന്തേവാസികൾ ഒന്നടങ്കം പ്രതികരിച്ചു. അന്തേവാസികൾക്ക് ആർക്കും പരാതിയില്ലെന്ന് വന്നതോടെ സി.പി.എം വെട്ടിലായി. ഇതോടെ സർക്കാർ തലത്തിലും ഇടപെടലായി. ഓമനക്കുട്ടനെതിരെ ചുമത്തിയ കേസ്സ് പിൻവലിക്കാൻ തീരുമാനിച്ചു. റവന്യൂ സെക്രട്ടറി പരസ്യമായി ഓമനക്കുട്ടൻ എന്ന നിർമ്മാണത്തൊഴിലാളിയോട് മാപ്പ് പറഞ്ഞു. മന്ത്രി മാരായ തോമസ് ഐസക്കും, പി.തിലോത്തമനും, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും ക്യാമ്പിലെത്തി ഓമനക്കുട്ടനെ ആശ്വസിപ്പിച്ചു. പാർടിയെയും,സർക്കാരിനെയും തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് തോമസ് ഐസക് പറഞ്ഞു. അംബേദ്കർ കോളനിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് ഉറപ്പ് നൽകി. ഓമനക്കുട്ടനെ പോലുള്ളവർ ഒന്നാന്തരം പൊതുപ്രവർത്തകരാണെന്നും, അവരുടെ ആത്മാർത്ഥതയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പി.തിലോത്തമൻ പ്രതികരിച്ചു. ഓമനക്കുട്ടനെതിരായ പാർട്ടി നടപടി പുന:പരിശോധിക്കുമെന്ന് ആർ.നാസറും പറഞ്ഞു. വാർത്തയുടെ സത്യസന്ധത ബോധ്യപ്പെട്ട് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ഓമനക്കുട്ടന്റെ പ്രതികരണം. ഇതോടെ ജി.സുധാകരന്റെ ആക്ഷേപത്തിന്റെ മുനയൊടിഞ്ഞു. മാത്രമല്ല തോമസ് ഐസക്കിന്റെ ആശ്വാസ വാക്കുകൾ അന്തേവാസികൾക്ക് ഏറെ സാന്ത്വനവുമായി.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App