കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കും: ഉണ്ണിത്താൻ

അത്യുത്തര കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാകുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് നിയുക്ത എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാഞ്ഞങ്ങാട് നഗര വികസന കര്‍മസമിതി വികസന വിഷയങ്ങള്‍ ഉണ്ണിത്താനുമായി പങ്കിട്ട് നടത്തിയ ചര്‍ച്ചയില്‍ വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്ന് എംപി വ്യക്തമാക്കി. റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിന്റെ മുന്‍പന്തിയില്‍ താനുണ്ടാകുമെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ വിഹിതം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമി വിലയുടെ പകുതി നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ റെയില്‍വേയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട സംയുക്ത കരാറിലും കാണിയൂര്‍ പാത ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വ്യക്തത വരുത്തും. ഒപ്പം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ട് പദ്ധതിയുടെ പകുതി വിഹിതം വഹിക്കാനുള്ള തീരുമാനമെടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തും. ഡല്‍ഹിയില്‍ റെയില്‍ മന്ത്രിയെയും ബോര്‍ഡ് ചെയര്‍മാൻ ഉള്‍പ്പെടെയുള്ളവരെ കണ്ട് പാത യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്നും ഉണ്ണിത്താന്‍ ഉറപ്പു നല്‍കി. അന്ത്യോദയ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കാനുള്ള കര്‍മസമിതിയുടെ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തും. എ ഗ്രേഡ് സ്റ്റേഷനായ കാഞ്ഞങ്ങാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികളെടുക്കും. എ ഗ്രേഡ് സ്റ്റേഷന്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാക്കാനായിരിക്കും തന്റെ പരിശ്രമമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഇപ്പോള്‍ നടന്നു വരുന്ന വിസകന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഇടപെടണമെന്ന ആവശ്യവും വികസന സമിതി ഉന്നയിച്ചു. വ്യാപാരഭവനില്‍ എത്തിയ നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് വികസന സമിതി പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. നഗരവികസന കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, അഡ്വ. എം.സി. ജോസ്, എ.വി. രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം, നഗരസഭാ കൗണ്‍സിലര്‍മാരായ അജയകുമാര്‍ നെല്ലിക്കാട്ട്, കെ. മുഹമ്മദ്കുഞ്ഞി, വിവിധ സംഘടനാ നേതാക്കളായ എ. ഹമീദ്ഹാജി, പി.വി. സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, സി. മുഹമ്മദ്കുഞ്ഞി, എം. ശ്രീകണ്ഠന്‍നായര്‍, സി.എ. പീറ്റര്‍, എ. ദാമോദരന്‍, എം.ബി.എം. അഷറഫ്, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ഇ.കെ.കെ. പടന്നക്കാട്, എം. കുഞ്ഞിക്കൃഷ്ണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം. വിനോദ്, കെ.വി. ലക്ഷ്മണന്‍, സുബൈര്‍, സുരേഷ്‌കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App