കാറിൽ ഒളിപ്പിച്ച് കടത്തിയ 1 കിലോ 100 ഗ്രാം കഞ്ചാവുമായി 5 യുവാക്കൾ കമ്പംമെട്ടിൽ പിടിയിൽ

This browser does not support the video element.

കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 1 കിലോ 100 ഗ്രാം കഞ്ചാവുമായി 5 യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ. കൊല്ലം പേരൂർക്കര കുറ്റിവിളയിൽ അൽത്താഫ് (22), കോടംവിള സെയ്ദലി (20), തൊട്ടാവാടിയിൽപുത്തൻവീട്ടിൽ  വിഷ്ണു (22), കുറ്റിച്ചിറ കരയിൽ വെള്ളാവിച്ചിറ പുത്തൻവീട്ടിൽ അമീർ (19), കാഞ്ഞിരപ്പള്ളി പനയ്ക്കച്ചിറ പാറമട കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അരുൺ (22) എന്നിവരെയാണ് ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ ഇന്നലെ ഉച്ചയോടെയാണ് സംഘം പിടിയിലായത്. തമിഴ്നാട് ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലൂടെ വന്ന ഹുണ്ടായ് ഇയോൺ കാർ ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കായി കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. എക്സൈസ് സംഘം വാഹനത്തിൽ ഇവരെ പിൻതുടർന്നു. അതിവേഗം പോയ കാർ മൂങ്കിപ്പള്ളത്ത് കൊടുവളവ് തിരിക്കാനാവാതെ റോഡിൽ നിന്നും തെന്നിമാറി. തുടർന്ന് ധൃതിയിൽ പുറകോട്ട് എടുക്കുന്നതിനിടെ സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിന്നു. ഈ സമയം എക്സൈസ് സംഘം സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും കഞ്ചാവ് കണ്ടെടുക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് വാഹനം ചെക്ക് പോസ്റ്റിൽ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോൾ എളുപ്പത്തിൽ ആർക്കും കണ്ടെടുക്കുവാൻ സാധിക്കാത്ത വിധം ഗ്ലാസിന്റെ ബീഡിംഗ് പൊളിച്ച ശേഷം ബോണറ്റിൻ്റെ ഉള്ളിലായി ഒളിപ്പിച്ച നിലയിൽ 1 കിലോ 100 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതികൾ എല്ലാവരും ഒരുമിച്ച് കേറ്ററിംഗ് ജോലി ചെയ്യുന്നവരാണ്. 10,000 രൂപയ്ക്ക് കമ്പത്ത് നിന്നും വാങ്ങിയതാണന്നും, വാഹനവും രൂപയും നൽകിയപ്പോൾ ഒരു തമിഴൻ കൊണ്ടുപോയി വാഹനത്തിൽ കഞ്ചാവ് ഒളിപ്പിച്ചുവച്ച് കൊടുക്കുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. പ്രതികളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ എം. പി പ്രമോദ്, ടി. ജെ മനോജ്, തോമസ് ജോൺ, എൻ. വി ശശീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. രാധാകൃഷ്ണൻ, ആസിഫ് അലി, ജോഫിൻ ജോൺ, പി. സി ജസ്റ്റിൻ എന്നിവരും പങ്കെടുത്തു.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App