എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും കത്തിനശിച്ചു

This browser does not support the video element.

എം.സി.റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും സിമന്റ് മിക്‌സിംഗ് ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. എം.സി റോഡില്‍ കൊട്ടാരക്കര വാളകം വയക്കലില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും സിമന്റ് മിക്‌സിംഗ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. ബസ് ജീവനക്കാരും യാത്രക്കാരുമുള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പൊള്ളലും പരിക്കും പറ്റിയ നാലു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ ബസ് ഡ്രൈവര്‍ പ്രകാശനും കണ്ടക്ടര്‍ സജീവും ഉള്‍പ്പെടും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഒരാളെയും കൊട്ടാരക്കരയിലെയും വാളകത്തെയും സ്വകാര്യ ആശുപത്രികളിലായി പതിനഞ്ച് പേരെയുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോയ കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് സിമന്റ് മിക്‌സിംഗ് ലോറിയുമായി മുഖാമുഖം കൂട്ടിയിടിച്ചത്. ഇടറോഡില്‍ നിന്നും എം.സി.റോഡില്‍ കയറി വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ സിമന്റ് മിക്‌സിംഗ് ലോറിയുടെ ഡീസല്‍ ടാങ്കു പൊട്ടിയതാണ് തീപിടുത്തത്തിനു കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ജീവനക്കാരും ആദ്യം ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്ന് യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതു മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബസില്‍ നിന്നും പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്. വാഹനങ്ങളില്‍ തീ ആളിപ്പടര്‍ന്നതോടെ ആര്‍ക്കും സമീപത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. കൊട്ടാരക്കരയില്‍ നിന്നും കുണ്ടറയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് എം.സി.റോഡു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മന്ത്രിമാരായ കെ.രാജുവും ജെ. മേഴ്‌സിക്കുട്ടിയമ്മയും അപകടസ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. സംഭവത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടയില്‍ പരിക്ക് പറ്റി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചവര്‍ക്ക് ചികില്‍സ നിഷേധിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App