ഗ്രാമീണ മേഖലകളിൽ ലഹരി മാഫിയകൾ പിടിമുറുക്കുന്നു; വിദ്യാർഥികളും യുവാക്കളും ഇരകൾ

നഗര കേന്ദ്രങ്ങളില്‍ മാത്രം സജീവമായിരുന്ന ലഹരി മാഫിയകള്‍ ഇപ്പോള്‍ ഗ്രാമീണ മേഖലകളിലും സജീവമാകുന്നു. നാട്ടുമ്പുറങ്ങളിലെ ആളൊഴിഞ്ഞ സ്ഥങ്ങളിലും വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ജങ്ഷനുകളിലും ഇവരുടെ സാന്നിധ്യം കൂടിവരികയാണ്. മൊബൈല്‍ സന്ദേശങ്ങള്‍ കൈമാറി ടൂവിലറുകളില്‍ എത്തുന്ന ചെറു സംഘങ്ങള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കൈമാറുന്നത് ഇന്ന് രഹസ്യമല്ല. വെക്കേഷന്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഒരു ഇടവേളക്കുശേഷം മയക്കു മരുന്നു മാഫിയകള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു കറങ്ങുന്നത്. എടത്തല പഞ്ചായത്തിലെ പുക്കാട്ടുപടിയില്‍ ഇതര സംസ്ഥാന ത്തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. എന്നാല്‍ ഇവരെ മറയാക്കി വന്‍ സ്രാവുകള്‍തന്നെ പ്രദേശത്ത് വിഹരിക്കുന്നതായാണ് വിവരം. ഇത് ശരിവെക്കുന്ന തരത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് പുക്കാട്ടുപടി സ്വദേശിയായ യുവാവിനെ മയക്കുമരുന്നു ഗുളികകളുമായി ആലുവയില്‍  നിന്നും എക്‌സൈസ് പിടികൂടിയത്. പ്രദേശത്ത് അനധികൃത മദ്യവില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. പുക്കാട്ടുപടിയില്‍ ഇതര സംസ്ഥാനക്കാര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരും ചേര്‍ന്ന് നടത്തുന്ന പണം വെച്ചുള്ള ചീട്ടുകളി കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പോലീസിന് ഇതേക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇവരെ പിടികൂടാത്ത സാഹചര്യമാണുള്ളത്. 5000 രൂപ നല്‍കിയാല്‍ തങ്ങളെ പോലീസ് പിടികൂടില്ലെന്ന് ചീട്ടുകളി കേന്ദ്രത്തിലെ ഇതര സംസ്ഥാനക്കാരില്‍ ഒരാള്‍ പറഞ്ഞു. കുന്നത്തുനാട് പഞ്ചായത്തിലെ മനക്കകടവ്, പള്ളിക്കര, പെരിങ്ങാല എന്നിവിടങ്ങളിലും മയക്കുമരുന്നു മാഫിയകളുടെ സജീവ സാന്നിധ്യമുണ്ട്. മനക്കകടവില്‍ ആര്‍.യു കോളേജിന് സമീപത്തും കടമ്പ്രയാര്‍ ടൂറിസം കേന്ദ്രത്തിനു സമീപത്തും ഇവരുടെ സാന്നിധ്യം പകല്‍പോലെ വ്യക്തമാണ്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് ഇവിടെയും മയക്കുമരുന്നു മാഫിയകള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. ക്ലബുകള്‍, യുവാക്കളും വിദ്യാര്‍ഥികളും ഒത്തുകൂടുന്ന കൂടുന്ന കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബൈക്കുകളിലും മറ്റും എത്തുന്ന സംഘങ്ങള്‍ യുവാക്കളുമായി എളുപ്പത്തില്‍ ചങ്ങാത്തം കൂടി മയക്കുമരുന്നു വില്‍പ്പന നടത്തുകയാണ്. ആളൊഴിഞ്ഞ പറമ്പുകള്‍, റബര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം സജീവമാണ്.  ഇതിനിടെ വിവിധ തരത്തിലുള്ള പശ, പാന്‍പരാഗ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് എന്നിവ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്നത് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ബൈക്കുകള്‍ പോലീസ്  പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാക്കനാട് ഭാഗത്ത് നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നത് എന്നാണ് സൂചന. ഇതോടെ ഇരുചക്രവാഹനങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാത്രിയില്‍ ഒറ്റപ്പെട്ട് കൂടി നില്‍ക്കുന്നവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. അമ്പലമേട് പോലീസിന് പുറമേ പ്രത്യേക അന്വേഷണ സംഘവും ഈ പ്രദേശത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനകം പലരേയും പോലീസ് ചോദ്യം ചെയ്തതായും സൂചനയുണ്ട്. അവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. 

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App