ഉൽസവം പോലെയാണ് ഇവിടെ വായന

ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയാണ് വായനാ പക്ഷാചരണത്തോടനുബന്ധിച്ച് അക്ഷര നിധിവേട്ടയിലൂടെ (ട്രഷർ ഹണ്ട് മൽസരം) മൂന്നാഴ്ച നീളുന്ന വേറിട്ട വായനോൽസവത്തിനു തുടക്കം കുറിച്ചത്.  പാറക്കടവ് എ എൽപി സ്കൂളിൽ നടപ്പാക്കുന്ന പരിപാടിയിൽ വിദ്യാർഥികളും ഒപ്പം രക്ഷിതാക്കളും അണിനിരക്കും. കുട്ടികളെ ഗ്രൂപ്പുകളാക്കിത്തിരിച്ചാണ് മൽസരം. പുസ്തകങ്ങളിൽ അമൂല്യമായ നിധിയുണ്ടെന്ന് കുട്ടികളേയും മുതിർന്നവരേയും ബോധ്യപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളിലെ മുഴുവൻ കുട്ടികളേയും അവരുടെ അമ്മമാരെയും അണിനിരത്തി ഒട്ടേറെ പഠന പ്രവർത്തനങ്ങളുടെ, കളികളുടെ കുസൃതികളുടെ ഒരു ചങ്ങലയാണിവിടെ തീർക്കുക.  വായനാദിന അസംബ്ലിയോടെയാണ് അക്ഷരനിധിവേട്ടക്ക് തുടക്കമായത്.  പരിപാടിയുടെ ഉദ്ഘാടനം ആകാശവാണി ആർട്ടിസ്റ്റും എഴുത്തുകാരനുമായ രമേശൻ പൂന്തോടൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി സി ടി പ്രശാന്ത് അധ്യക്ഷനായി. പ്രധാനാധ്യാപകൻ ബിജു മാത്യു, എം വി കുഞ്ഞിരാമൻ, പി എസ് രേഷ്മ, മോനിഷ പ്രേംജി, മാജിത എന്നിവർ പ്രസംഗിച്ചു.  ഗ്രൂപ്പുതിരിച്ചുള്ള മൽസരത്തിൽ കുട്ടികളുടെ സംഘടിതമായ പ്രവർത്തനത്തിനും വ്യക്തിഗതമായ പരിശ്രമങ്ങൾക്കും വീട്ടുകാരുടെ പങ്കാളിത്തത്തിനും പോയിന്റുകളുണ്ട്. ഓരോ ടാസ്കുകളും പൂർത്തികരിക്കുന്നിടത്തുനിന്നും അടുത്ത ടാസ്കുകൾ തുടങ്ങുന്നു. വായനാദിനത്തിന്റെ ആശയമടങ്ങിയ പോസ്റ്റർ തയ്യാറാക്കലും അവയുടെ പ്രദർശനവുമായിരുന്നു ആദ്യ ടാസ്ക്. പിന്നാലെയാണ് രസികൻ മത്സരങ്ങൾ. ലൈബ്രറി സന്ദർശനം, ലൈബ്രേറിയനുമായി അഭിമുഖം, ചങ്ങല വായന, മുത്തശിക്കഥകളെ പരിചയപ്പെടൽ, സാഹിത്യ പ്രതിഭകളെ അറിയൽ, വായനാ സർവേ, വായനാ ക്വിസ്, എന്റെ വാർത്ത, പുസ്തക ചാലഞ്ച്, ബഷീർ സ്മൃതി, നിറം കൊടുക്കൽ,  കുഞ്ഞിക്കഥ, പത്രനിർമാണം, അങ്ങിനെ പോകുന്നു ഈ ഗെയിമിലെ ടാസ്കുകൾ. ജേതാക്കൾക്ക് 7 നു നടക്കുന്ന സമാപന ചടങ്ങിൽവച്ച് എഴുത്തുകാരിയും അധ്യാപികയുമായ കെ പി ജയലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്യും.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App