അയൽവാസിയുടെ വീട് കത്തിച്ച് ഒളിവിൽപ്പോയ പ്രതിയെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു

This browser does not support the video element.

       കോതമംഗലം പാറച്ചാലിപ്പടി സ്വദേശി പുത്തൻപുരക്കൽ ജോസ് ജോർജിനെയാണ് അയൽവാസിയുടെ വീട് കത്തിച്ചതിന് അറസ്റ്റിലായത്. സംഭവത്തെത്തുടർന്ന് ഒന്നരയാഴ്ചയോളം ഒളിവിൽ തുടർന്ന പ്രതിയെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂനസ് , സബ് ഇൻസ്പെക്ടർ ദിലീഷ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച പ്രതി കുറ്റകൃത്യം നടത്തിയ രീതികൾ വിവരിച്ചു. ഏഴാം തീയതി രാത്രി 8.30 ന് ആളില്ലാതിരുന്ന വീട്ടിലെത്തി കന്നാസിൽ കരുതിയിരുന്ന ഡീസൽ ജനാല വഴി മുറിക്കകത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.  പ്രതിയായ ജോസിന്റെ തൊട്ടയൽവാസിയാണ് കത്തിനശിച്ച വീടിന്റെ ഉടമയായ പൊട്ടനാനിയിൽ ലാലു മാത്യു. പ്രതി ജോസ് മതിലുപണിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ഏഴാം തീയതി തർക്കത്തിലുള്ള മതിൽ പൊളിഞ്ഞ് ലാലുവിന്റെ വീട്ടുമുറ്റത്ത് പതിച്ചിരുന്നു. മതിൽ പൊളിഞ്ഞതിൽ ലാലുവിന് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതി ഭീഷണി മുഴക്കിയതിനെ തുടർന്ന് ഈ കുടുംബം അന്ന് തന്നെ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. അന്ന് രാത്രി പ്രതി ലാലുവിന്റെ വീട്ടിലെത്തി ഡീസൽ മുറിക്കകത്ത് ഒഴിച്ച് കത്തിച്ചുവെന്നാണ് പരാതി. തീ ആളിപ്പടർന്ന് വീടിനകം മുഴുവൻ നിമിഷ നേരം കൊണ്ട് കത്തിയമരുകയായിരുന്നു. കമ്പ്യൂട്ടർ, ടി. വി ,ഫ്രിഡ്ജ്, കട്ടിൽ, മേശ, കുട്ടികളുടെ പാഠപുസ്തകങ്ങൾ, ആധാരങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും പൂർണമായി കത്തി നശിച്ചു. ഉടുതുണി ഒഴികെയുള്ള മുഴുവൻ വസ്തുക്കളും നഷ്ടമായെന്ന് ലാലു പറഞ്ഞു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App