ക്രഷറിൽ നിന്നും സ്ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറ് പേര്‍  അറസ്റ്റിൽ

ചതുരംഗപ്പാറയിലെ ക്രഷറിൽ നിന്നും സ്ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തിൽ ജീവനക്കാർ  ഉൾപ്പെടെ ആറ് പേരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടുംപാറ സന്യാസിഓട ആദിയാർപുരം സ്വദേശികളായ ചേരിയ്ക്കൽ രതീഷ് (34), ശ്രീജിത്ത് (27), പനക്കസിറ്റി പുത്തൻപുരയ്ക്കൽ സതീഷ് എന്ന് വിളിക്കുന്ന രതീഷ് (35), പനക്കസിറ്റി പുത്തൻപുരയ്ക്കൽ ശശിയുടെ വീട്ടിൽ താമസിക്കുന്ന കോഴിക്കോട് അത്തൂർകുന്ന് ഈട്ടിപ്പറമ്പിൽ വിശ്വനാഥൻ (50), തൂക്കുപാലം അറക്കുളംപടി ബ്ളോക്ക് 421 ൽ താമസിക്കുന്ന പാട്ടപ്പറമ്പിൽ ഭദ്രൻ (63), ബാലഗ്രാം പുതുപ്പുരയ്ക്കൽ ശശിധരൻ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒന്നുമുതൽ നാലുവരെയുള്ളവർ നേരിട്ട് മോഷണം നടത്തിയവരും, മറ്റ് രണ്ടുപേർ മോഷണവസ്തുക്കൾ വാങ്ങിയവരുമാണ്. ഈ മാസം 6 ന്  രാത്രി പതിനൊന്നേമുക്കാലോടെ രതീഷും സതീഷും വിശ്വനാഥനും ശ്രീജിത്തും ചേർന്ന്  ശ്രീജിത്തിൻ്റെ ജീപ്പിൽ പാറമടയ്ക്ക് സമീപത്തെ എസ്റ്റേറ്റ് റോഡിൽ എത്തി. ഇടവഴിയിലൂടെ ക്വാറിയിൽ കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചിയിൽ നിന്നും ചുറ്റിക എടുത്ത് ഗോഡൗണിൻ്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്നു. 100 കിലോ നൈട്രേറ്റ് മിക്സ്ചറും, 2000 ഡിറ്റോർണേറ്ററുകളും മോഷ്ടിച്ച് ജീപ്പിലെത്തിച്ചു. തുടർന്ന് കല്ലുപാലം വഴി സന്യാസിഓടയിൽ രതീഷിൻ്റെ വീട്ടിൽ എത്തിച്ചു. പിറ്റേന്ന് രാവിലെ എട്ടോടെ തൂക്കുപാലത്ത് ഭദ്രൻ്റെ വീട്ടിൽ എത്തി 500 ഡിറ്റോർണേറ്റ്റും, 500 ഓളം പശയും വിറ്റു. 14,000 രൂപ ഇയാളിൽ നിന്നും വിലയായി വാങ്ങുകയും ചെയ്തു. തുടർന്ന് 500 ഡിറ്റോർണേറ്റ്റും, 500 ഓളം പശയും ബാലഗ്രാമിൽ ശശിധരൻ്റെ വീട്ടിൽ കൊണ്ടുചെന്ന് നൽകി. 20,000 ഇതിൻ്റെ വിലയായി വാങ്ങി. മോഷണമുതലാണെന്ന അറിവോടെയാണ് വാങ്ങിയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. 6 വർഷമായി പാറമടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മോഷണം നടത്തിയത്. മോഷണം പോയ ഡിറ്റണേറ്ററുകളിൽ പാതിയോളം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി ഭാഗത്തിനായി ഹൈറേഞ്ച് മേഖലയിൽ അന്വേഷണം വ്യാപിപ്പിച്ചു. ഭദ്രന് വിറ്റ 11കിലോ ജലാറ്റിൻ സ്റ്റിക്കും, 100 ഡിറ്റണേറ്ററുകളും, ശശിധരന് വിറ്റ 44 കിലോ ജലാറ്റിൻ സ്റ്റിക്കും, 500 ഡിറ്റണേറ്ററുകളും, സ്ഫോടക വസ്തുക്കൾ കടത്താൻ ഉപയോഗിച്ച് ജീപ്പും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.  അറസ്റ്റിലായ പ്രതികളെ ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ജില്ലാ പൊലീസ് കൂടിയാലോചന നടത്തും. പ്രതികളിൽ നിന്നും സ്ഫോടക വസ്തു വാങ്ങിയ മറ്റുള്ളവർ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന എക്സ്പ്ലോസീവ് വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാർ ഡിവൈ.എസ്.പി രമേഷ് കുമാർ, ഉടുമ്പൻചോല സി.ഐ അനിൽ ജോർജ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സൈബർ സെൽ എസ്.ഐ ജോബി തോമസ്, എ.എസ്.ഐമാരായ സി.വി. ഉലഹന്നാൻ, സജി എൻ. പോൾ, തങ്കച്ചൻ മാളിയേക്കൽ, എം.ആർ സതീഷ്, സലീൽ രവി, ടി.എസ് രാജൻ, ഉടുമ്പൻചോല സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളായ പി.എച്ച് ഇബ്രാഹിം, എ. സജി, സി.വി സനീഷ്, എസ്. ഷമീർ എന്നിവര‌ടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App