താനാളൂരിലും കഞ്ചാവ് ചെടികൾ കണ്ടെത്തി :ജാഗ്രത പുലർത്തണമെന്ന് എക്സൈസ് വകുപ്പ്

താനാളൂർ പകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പകരക്കുന്നത്ത് അങ്ങാടിക്ക് തെക്കുവശം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ചെറുതും വലുതുമായ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ട് മാസം പ്രായം തോന്നിക്കുന്ന ചെടികളാണ് കണ്ടെത്തിയത്. പറമ്പിൽ പുല്ലരി യാനെത്തിയ ആളാണ് പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടികൾ മുളച്ച് പൊങ്ങി നിൽക്കുന്നതായി കണ്ടത്. വിവരം അറിഞ്ഞ ലഹരി നിർമ്മാർജന സമിതി മണ്ഡലം സെക്രട്ടറി ടി. പി. എം മുഹ്സിൻ ബാബു, സമദ് പകര,എ. പി ജാബിർ, കെ. ഇബ്റാഹീം കുട്ടി, റഫീക്ക് ചേലാട്ട് തുടങ്ങിയവരും നാട്ടുകാരും സ്ഥലത്തെത്തി. എക്സൈസ് വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ എക്സൈസ് ഇൻസ്പെക്ടർ ബിനുകുമാർ പ്രി വെന്റീവ് ഓഫീസർ ബാബുരാജ്, ധനേഷ് എന്നിവർ സ്ഥലത്തെത്തി ചെടികൾ പറിച്ചെടുത്തു. ഈയിടെയായി പലയിടങ്ങളിലും കഞ്ചാവ് ചെടികൾ വളർന്നു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കണ്ടാൽ അധികൃതരെ ഉടൻ വിവരമറിയിക്കണമെന്നും ഈ കാര്യത്തിൽ ലഹരി നിർമ്മാർജന സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും എക്സൈസ് ഇൻസ്പെക്ടർ ബിനുകുമാർ പറഞ്ഞു. പകരയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉല്പന്നങ്ങളുടെ ഉപയോഗം വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ലഹരി നിർമ്മാർജന സമിതി വിവിധങ്ങളായ ബോധവൽകരണ പരിപാടികൾ നടത്തിവരികയാണ്. രണ്ടാഴ്ച മുമ്പാണ് താനൂർ വാഴക്കത്തെരുവിൽ പതിനൊന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഈ പ്രദേശത്ത് താനൂർ മണ്ഡലം ലഹരി നിർമ്മാർജന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സൂചകമായി എക്സൈസ് വകുപ്പധികൃതരുടെ സാന്നിധ്യത്തിൽ പതിനൊന്ന് ഔഷധ ചെടികൾ വെച്ചു പിടിപ്പിച്ചിരുന്നു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App